കേരളത്തിലെ ഏറ്റവും ആകര്‍ഷകമായ ടൂറിസം കേന്ദ്രങ്ങളാണ് ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്‍റ ഭൂപരിധിക്കുള്ളില്‍ സ്ഥിതിചെയ്യുന്നത്. ഇവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇതുവരെ കാര്യമായ ശ്രമമുണ്ടായിട്ടില്ല. ആഗോള ടൂറിസം ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്താന്‍ തൊണ്ണുറുകള്‍ക്ക് ശേഷം കാര്യമായ ഇടപെടലുകള്‍ നടന്നെങ്കിലും മധ്യ കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളേയും സാംസ്കാരിക സവിശേഷതകളേയും ഷോകെയ്സ് ചെയ്യുന്നതില്‍ ഇപ്പോഴും പരിമിതികള്‍ നിലനില്‍ക്കുകയാണ്. ചരിത്രത്തിന്‍റെ ഈടു വെയ്പുകളായ മുസിരിസ്, കാലടി, മലയാറ്റുര്‍ തുടങ്ങിയ സാംസ്കാരിക ഒസ്യത്തുകളേയോ പ്രദേശ സവിശേഷതകളേയോ പോലും വികസിപ്പിക്കുന്നതില്‍ പോരായ്മകള്‍ നിലനില്‍ക്കുന്നു.

കേരള ടൂറിസം വകുപ്പിന്‍റെ ഏറ്റവും ഒടുവിലുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം 9.77 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് 2015 ല്‍ കേരളം സന്ദര്‍ശിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.86% വര്‍ധനയോടെയാണിത്. ആഭ്യന്തര ടുറിസ്റ്റുകളുടെ എണ്ണം 1.24 കോടി വരും.6949.88 കോടി രൂപയുടെ വിദേശ നാണ്യവും കേരളം നേടി. ഇക്കുട്ടത്തില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്നത് എറണാകുളം ജില്ലയാണ്. 40.4% പേര്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ എത്തിയപ്പോള്‍ തൊട്ടടുത്തുള്ള തൃശ്ശുര്‍ ജില്ലയില്‍ 0.8% പേര്‍ മാത്രമാണ് എത്തിയത്. ഈ രണ്ടു ജില്ലകളിലേയും പ്രധാന ടുറിസം കേന്ദ്രങ്ങളാണ് ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്‍റെ പരിധിയില്‍ വരുന്നത്. ഇവിടുത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ കഴിഞ്ഞ വര്‍ഷം എത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇങ്ങനെയാണ്. അതിരപ്പിള്ളി-5177, ഇരിങ്ങോള്‍-8337, കാലടി-3660, ആലുവ-3877, ചാലക്കുടി-436. ഇതേ കേന്ദ്രങ്ങളില്‍ കുടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും കുടുതല്‍ ടൂറിസം ഡെസ്റ്റിനേഷനുകളെക്കുടി ഉള്‍പ്പെടുത്തിയുള്ള സര്‍ക്യൂട്ട് വികസിപ്പിക്കുകയും ചെയ്താല്‍ ടൂറിസ്റ്റുകളുടെ എണ്ണം പതിന്‍മടങ്ങായി വര്‍ധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2015ല്‍ 25 ലക്ഷം വിദേശസഞ്ചാരികളെ ലക്ഷ്യമിടുന്ന കേരളത്തിന്‍റെ ടൂറിസം മേഖലക്ക് കനത്ത സംഭാവന നല്‍കാനും ഈ സര്‍ക്യൂട്ട് വികസന പദ്ധതിക്ക് കഴിയും ഈ ലക്ഷ്യത്തോടെയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിഭവങ്ങള്‍ ഉപയോഗിച്ച് അതിരപ്പിള്ളി-കോടനാട് ടൂറിസം സര്‍ക്യുട്ട് സ്ഥാപിക്കാന്‍ ഇന്നസെന്‍റ് പദ്ധതി തയ്യാറാക്കിയത്.

 

എറണാകുളം ജില്ലയിലെ കോടനാട്, ഇരിങ്ങോള്‍ക്കാവ്, നാഗഞ്ചേരി മന, കാലടി, ശ്രീംഗ്രരി മഠം, സംസ്കൃത സര്‍വ്വകലാശാല,മലയാറ്റുര്‍, ഏഴാറ്റുമുഖം, തുമ്പൂര്‍മുഴി, അതിരപ്പിള്ളി തുടങ്ങിയ കേന്ദ്രങ്ങളെയും ആലുവ, കൊടുങ്ങല്ലൂര്‍, മാള, പൊയ്യ തുടങ്ങിയ ടൂറിസം ഡെസ്റ്റിനേഷനുകളേയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു സര്‍ക്യൂട്ടാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രകൃതി രമണീയമായ കേന്ദ്രങ്ങളുടെ ഭൗതികവികസനം മാത്രമല്ല ലക്ഷ്യം. സാംസ്കാരിക തനിമകളും, നാട്ടറിവുകളും, ചരിത്രപ്രാധാന്യവും, പൈതൃകസമ്പത്തും, സാഹിത്യ പരമായ അടയാളപ്പെടുത്തലുകളും എല്ലാം ഉള്‍ചേരുന്ന സമഗ്രമായ ഒരു ടൂറിസം പദ്ധതിക്കായുള്ള ശ്രമങ്ങള്‍ ആദ്യഘട്ടം പിന്നിട്ടിരിക്കുകയാണിപ്പോള്‍.