ചാലക്കുടിപ്പുഴക്ക് കുറുകെ നിര്‍മ്മിച്ചിട്ടുള്ളതും നിലവില്‍ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതുമായ പൊരിങ്ങല്‍കുത്ത് ഡാമും ജലവൈദ്യുത പദ്ധതിയും1957 ലാണ് നിര്‍മ്മാണം പുര്‍ത്തിയാക്കിയത്. ഡാമിന്‍റെ നിര്‍മ്മാണത്തിനുവേണ്ടി പുറമേ നിന്ന് എത്തിയ തൊഴിലാളികളില്‍ പലരും പിന്നീട് ഇവിടെ സ്ഥിരതാമസമാക്കി. പുഴ കെട്ടിയുണ്ടാക്കിയ ഡാമിന് സമീപം താമസിക്കുമ്പോഴും ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയായിരുന്നു ഈ പ്രദേശത്തെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്ക്. കുന്നിന്‍ മുകളിലും വനപ്രദേശങ്ങളിലുമായി താമസിക്കുന്ന പൊരിങ്ങല്‍കുത്തിലെ ജനതയുടെ ചിരകാലാഭിലാഷമായിരുന്നു കൈയ്യെത്തും ദുരെ കിട്ടുന്ന കുടിവെള്ളം. വര്‍ഷങ്ങളുടെ ഈ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു ഇപ്പോള്‍. 68 ലക്ഷം രൂപ ചെലവില്‍ എം.പി ആവിഷ്കരിച്ച കുടിവെള്ള പദ്ധതി താമസിയാതെ നിര്‍മ്മാണം പുര്‍ത്തിയാക്കും.

ഇതോടൊപ്പം മണ്ഡലത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ദളിത്- ആദിവാസി കോളനികളിലേക്കും ഗ്രാമീണ പ്രദേശങ്ങളിലേക്കുമായി മറ്റ് അഞ്ച് കുടിവെള്ള പദ്ധതികള്‍ കുടി നടപ്പാക്കി വരികയാണ്. ദീര്‍ഘകാലത്തെ മുറവിളികള്‍ക്കും പരാതികള്‍ക്കുമാണ് എം.പി പരിഹാരം കാണുന്നത്. എം.പി ഫണ്ട് ഉപയോഗിച്ചും ഇതര സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും നടപ്പാക്കുന്ന കുടിവെള്ള പദ്ധതികള്‍ കുറെക്കുടി വിപുലപ്പെടുത്തിയും സുസ്ഥിര പദ്ധതികളാക്കി മാറ്റിയും മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. ഇതിനായി ഒരു പ്രവര്‍ത്തന പരിപാടിയും തയ്യാറാക്കിയിട്ടുണ്ട്.കുടിവെള്ള പദ്ധതികള്‍ക്ക് നല്‍കിയ ഊന്നല്‍ എം.പിയുടെ മുന്‍ഗണനകളെക്കുറിച്ച് കൃത്യമായ സൂചന നല്‍കുന്നുണ്ട്.