സവിശേഷ നേട്ടം കൈവരിച്ച കേരളത്തിന്‍റെ പൊതുജനാരോഗ്യമേഖല പുതിയ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണല്ലോ. ജീവിതശൈലി രോഗങ്ങളുടെയും മാരകസ്വഭാവമുള്ള രോഗങ്ങളുടെയും വ്യാപനം,കുതിച്ചുയരുന്ന ചികിത്സാചെലവ്, സുപ്പര്‍ സ്പെഷ്യാലിറ്റി-മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ സൃഷ്ടിക്കുന്ന ആരോഗ്യപരിപാലനത്തിന്‍റെ വരേണ്യവല്‍ക്കരണം തുടങ്ങിയ പ്രശ്നങ്ങളെ നാം നേരിടുകയാണ്. പൊതുജനാരോഗ്യ മേഖലയുടെ ശാക്തീകരണം എന്ന പൊതുസമീപനം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ വിഭവപ്രതിസന്ധി വലിയ പരിമിതിയായി നിലനില്‍ക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ കേരളത്തിനും രാജ്യത്തിനും മാതൃകയാകുംവിധം പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സമഗ്രമായ ഒരു പദ്ധതിയാണ് ഇന്നസെന്‍റ് ചാലക്കുടിയില്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ക്യാന്‍സര്‍-വൃക്ക-ഹൃദ്രോഗ ചികിത്സാരംഗത്ത് സര്‍ക്കാര്‍ ആശുപത്രികളെ സ്വയം പര്യാപ്തവും സജജവുമാക്കുക എന്ന ലക്ഷ്യ ത്തോടെയാണ് ‘ശ്രദ്ധ’ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. കേരളത്തില്‍ ക്യാന്‍സര്‍ രോഗത്തിന്‍റെ പ്രവണതകളെ വിലയിരുത്തുന്ന നിരവധി പഠനങ്ങളില്‍ സ്ത്രീകളില്‍ ഏറ്റവുമധികം കാണുന്നത് സ്തനാര്‍ബുദമാണ് എന്നാണ് ചുണ്ടിക്കാണിക്കുന്നത്. ക്യാന്‍സര്‍ രോഗബാധിതരാകുന്ന സ്ത്രീകളില്‍ 33% പേരും സ്തനാര്‍ബുദ ബാധിതരാണ്. രോഗപ്രതിരോധത്തിന് കാര്യമായ ഊന്നല്‍ നല്‍കുന്നില്ലെന്നതും ചികിത്സാരംഗത്തെ ന്യൂനതകളില്‍ ഒന്നായി ചുണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് രോഗ പ്രതിരോധത്തിനായുള്ള വിപുലമായ ഒരു പദ്ധതിയുമായി ഇന്നസെന്‍റ് ഇടപെടുന്നത്.

ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഒരു ജില്ലാ ആശുപത്രിയും 4 താലൂക്ക് ആശുപത്രികളുമാണ് ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ആശുപത്രികളെയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെയും ക്യാന്‍സര്‍ പ്രതിരോധത്തിനായി ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ച് ആശുപത്രികളില്‍ മാമോഗ്രാം യൂണിറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനം. മുന്ന് കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും ഫലപ്രദമായ ഒരു ഇടപെടല്‍ തന്നെയാണിതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു.

സ്തനാര്‍ബുദം മുന്‍കുട്ടി കണ്ടെത്താന്‍ കഴിയുന്ന മാമോഗ്രാം പരിശോധനക്കുള്ള സൗകര്യം ജില്ലാ-നഗര കേന്ദ്രങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുകയായിരുന്നു നാളിതുവരെ. സ്വകാര്യ ആശുപത്രികളില്‍ ആയിരുന്നു ഈ പരിശോധനക്കുള്ള സൗകര്യം ഏറിയകൂറും ഉണ്ടായിരുന്നത്. ചാലക്കുടി മണ്ഡലത്തിലെ മുഴുവന്‍ പേര്‍ക്കും അവരുടെ തൊട്ടടുത്ത് ഇത്തരമൊരു സൗകര്യം ലഭ്യമാക്കുന്നതോടെ രോഗനിര്‍ണയം എളുപ്പമായിരിക്കുന്നു. ആലുവ, അങ്കമാലി,പെരുമ്പാവൂര്‍,ചാലക്കുടി കൊടുങ്ങല്ലൂര്‍ എന്നീ ആശുപത്രികളില്‍ മാമോഗ്രാം യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമായതോടെ ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും സൗജന്യനിരക്കില്‍ പരിശോധനാസൗകര്യം ലഭ്യമായി. 3 താലൂക്ക് ആശുപത്രികളില്‍ മാമോഗ്രം യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. രണ്ടെണ്ണത്തില്‍ ഉടന്‍ തന്നെ ഇതിന്‍റെ പ്രവര്‍ത്തനമാരംഭിക്കും. നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ് സ്തനാര്‍ബുദം. ക്യാന്‍സര്‍ പ്രതിരോധ രംഗത്ത് ചാലക്കുടിയിലെ പൊതുജനാരോഗ്യ സംവിധാനം കാര്യമായ മുന്നേറ്റം കൈവരിക്കുകയാണ് ഇത്തരം ഇടപെടലുകളിലുൂടെ.

‘ശ്രദ്ധ’ ഡയാലിസിസ് പദ്ധതിയും ഇതിനൊപ്പം നടപ്പാക്കുന്നു. മണ്ഡലത്തിലെ മൂന്ന് താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ അവസാനഘട്ടത്തിലാണ്. 2 യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇവയില്‍ ഒന്നില്‍ പൂര്‍ണ്ണമായും സൗജന്യമാണ് ചികിത്സ. മുഴുവന്‍ ആശുപത്രികളിലും സൗജന്യ ഡയാലിസിസ് എന്ന കാഴ്ചപ്പാടോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹായത്തോടെയാണ് ഡയാലിസിസ് സൗജന്യമാക്കി മാറ്റുന്നത്.

ശ്രദ്ധ പദ്ധതിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തെ തന്നെ ഏറ്റവും വിപുലവും ജനകീയവുമായ ഒരു ആരോഗ്യ രക്ഷാപദ്ധതിക്ക് തയ്യാറെടുക്കുകയാണ് ചാലക്കുടി. മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടേയും ആരോഗ്യ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതിനും ഇതിന്‍റെ തുടര്‍ച്ചയില്‍ മണ്ഡലത്തിലെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും ശാക്തീകരിക്കുന്നതിനുമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 51 ഗ്രാമപഞ്ചായത്തുകളിലും 5 നഗരസഭകളിലുമായി മുഴുവന്‍ജനങ്ങളും പങ്കെടുക്കുന്ന ആരോഗ്യ സര്‍വേകളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. ഓരോരുത്തരുടേയും ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുകയും ഇങ്ങനെ തയ്യാറാക്കുന്ന ഡാറ്റാ രജിസ്റ്റര്‍ അതത് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി തുടര്‍ പരിപാടി ആവിഷ്കരിക്കുകയും ചെയ്യും. മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെയും വ്യക്തിഗത വിവരങ്ങള്‍ അതതു പ്രദേശത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ലഭ്യമാക്കും. ഓരോ പ്രദേശത്തെയും ജനങ്ങളുടെ ആരോഗ്യസ്ഥിതിയും പൊതുവായ ആരോഗ്യ പ്രവണതകളും മനസിലാക്കാന്‍ കഴിയുന്നതോടെ അതിനുതകുന്ന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാരിനും ആരോഗ്യവകുപ്പിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും സഹായകരമാവുകയും ചെയ്യും.

പകര്‍ച്ച വ്യാധികള്‍ അല്ലാത്ത മാരക രോഗങ്ങളുടെ പിടിയില്‍ അമരുകയാണ് കേരളമെന്ന് പഠനങ്ങള്‍ ചുണ്ടിക്കാട്ടുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചാണ് 53% മരണവും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജീവിത ശൈലി മൂലവും തക്കസമയത്ത് ആരോഗ്യപരിശോധനകള്‍ നടത്താത്തതിനാലും രോഗം മൂര്‍ച്ഛിക്കുമ്പോഴാണ് പലരും വിവരം അറിയുന്നത്. ഈ സാഹചര്യത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളേയും മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി അവരുടെ ആരോഗ്യസ്ഥിതി നിര്‍ണയിക്കുന്നതിനുള്ള ബൃഹത്തായ ഒരു പദ്ധതിയാണ് ഈ വര്‍ഷം എം.പി യുടെ നേതൃത്വത്തില്‍ നടപ്പാക്കുക.

ഓരോ പ്രദേശത്തെയും ജനങ്ങള്‍ക്ക് തൊട്ടടുത്ത് ലഭ്യമായിട്ടുള്ള ചികിത്സാ കേന്ദ്രമാണ് പ്രാഥമിക/ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍. പൊതുജനാരോഗ്യ സംവിധാനത്തിലെ ഈ അടിസ്ഥാന യൂണിറ്റുകള്‍ക്ക് നമ്മുടെ ആരോഗ്യമേഖലയിലുള്ള പങ്ക് ഏറെ വലുതാണ്. എന്നാല്‍ വിഭവ പ്രതിസന്ധിമൂലം കാലാനുസൃതമായ നവീകരണം ഈ കേന്ദ്രങ്ങളില്‍ ഇനിയും പൂര്‍ണ്ണമായിട്ടില്ല.രോഗനിര്‍ണയത്തിനായി പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തുന്നവര്‍ക്ക് അത്യന്താപേക്ഷിതമായ പരിശോധനയാണ് രക്തപരിശോധന ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍. പല പി.എച്ച്.സി കളിലു ഇത് നിലവിലില്ല. ചാലക്കുടി മണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഇവയൊരുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു.