ജാതി കര്‍ഷകരുടെ കേന്ദ്രമാണ് കാലടി. കേരളത്തില്‍ ജാതി കൃഷിക്ക് തുടക്കം കുറിച്ചതു തന്നെ കാലടിയില്‍ നിന്നായിരുന്നു. വിലയിടിവ് ഉള്‍പ്പെടെ നാനാവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ് കേരളത്തിലെ ജാതി കര്‍ഷകര്‍ ഇന്ന്. ജാതി കര്‍ഷകര്‍ ഏറെയുള്ള പ്രദേശങ്ങള്‍ ഉള്ളടങ്ങിയതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം. ഇവിടുത്തെ കര്‍ഷകരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാവുന്ന ദീര്‍ഘ വീക്ഷണത്തോടെയുള്ള ഒരു ഇടപെടലാണ് ഇന്നസെന്‍റ് മുന്നോട്ടുവെക്കുന്ന ‘ നട്മെഗ് പാര്‍ക്ക് ‘ പദ്ധതി.

ജാതി കൃഷിക്കാരുടെ കുട്ടായ്മയിലൂടെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ സൊസൈറ്റികള്‍ രുപവല്‍ക്കരിക്കുകയാണ് ഇതിന്‍റെ ആദ്യപടി. തുടര്‍ച്ചയില്‍ കാലടി കേന്ദ്രമാക്കി ഒരു ജാതിക്ക അധിഷ്ടിത അഗ്രോപാര്‍ക്ക് എന്നതിലേക്ക് വികസിപ്പിക്കും. ജാതിക്കയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും, ദേശീയവും വിദേശീയവുമായ വിപണി കണ്ടെത്തുന്നതിനും, സംഭരണവും വിപണനവും ഉറപ്പാക്കുന്നതിലൂടെ മികച്ച വില കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനും വഴിയൊരുക്കുന്നതാണ് നട്മെഗ് പാര്‍ക്ക്. കേരളത്തിലെ എറ്റവും മികച്ച കാര്‍ഷിക ഇടപെടലുകളില്‍ ഒന്നായി ഇത് മാറുമെന്നാണ് പ്രതീക്ഷ.