ചാലക്കുടിക്കു സമീപം ആദിവാസി-ദളിത് ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്താണ് കോടശേരി. ‘ആദര്‍ശ ഗ്രാമം’ ആയി എം.പി തെരഞ്ഞെടുത്തതും ഈ പഞ്ചായത്തിനെയാണ്. കോടശേരി പഞ്ചായത്തിലെ ഒറ്റപ്പെട്ടതും വിദുരസ്ഥവുമായ നാഗത്താന്‍പാറ കോളനിയിലേക്ക് നാളിതുവരെ വൈദ്യുതി എത്തിയിരുന്നില്ല. വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണി കൂടി ഉള്ളതിനാല്‍ രാത്രികാലങ്ങളില്‍ ഈ കോളനിവാസികള്‍ മലയിറങ്ങി വന്ന് അവരുടെ ബന്ധുവീടുകളില്‍ താമസിക്കുകയാണ് പതിവ്. പതിറ്റാണ്ടുകളായി ഈ ശീലം തുടരുകയാണ്. ഇവിടേക്ക് ആദ്യമായി വൈദ്യുതിയെത്തുന്നത് ഇന്നസെന്‍റ് എം.പി യുടെ ശ്രമഫലമായാണ്. ചാലക്കുടി എം.എല്‍.എ ബി.ഡി. ദേവസിയുടെക്കുടി ആഭ്യര്‍ത്ഥനപ്രകാരം എം.പി ഫണ്ട് ഉപയോഗിച്ച് കോളനിയിലെ മുഴുവന്‍ വീടുകളിലേക്കും വൈദ്യുതി എത്തിക്കാനായി.പതിറ്റാണ്ടുകള്‍ ഇരുട്ടില്‍ കഴിഞ്ഞ ഒരുപറ്റം മനുഷ്യജീവികളുടെ മുഖത്ത് വിരിഞ്ഞ പ്രകാശത്തിന് ആ വൈദ്യുതി വെളിച്ചത്തേക്കാള്‍ തെളിച്ചമുണ്ടായിരുന്നു.